2014, മാർച്ച് 22, ശനിയാഴ്‌ച

കുസൃതിച്ചോദ്യം(22-3-2014) - ഫെയ്സ്ബുക്ക്

വില്ല് - നിറം-1 (22.3.2014)

 

ഫെയ്സ്ബുക്ക്

 

             ('.')  ഫെയ്സ്ബുക്കും സാധാരണ ബുക്കും തമ്മിലുള്ള വ്യത്യാസമെന്ത്...?
               
                    [ ഉത്തരം അടുത്ത പോസ്റ്റിൽ... കാത്തിരിക്കൂ..!!!  ]   ('.')
-  വിപിൻ.ജി.നാഥ് പേയാട്
               
               “എന്താപറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ . ശരിയാണോന്ന് നോക്കട്ടെ.”

  ------------------------------------------------------------------------------------------------------------------------------

22.2.2014 ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :

               തുടക്കത്തിലുള്ള അഭിമുഖങ്ങളിൽ ഇഷ്ട താരങ്ങളായി മോഹൻ ലാൽ,മമ്മൂട്ടി,അമിർ ഘാൻ,ഷാരുഖ് ഘാൻ എന്നിങ്ങനെ പേരുപറയും, ധാരാളം സിനിമ കിട്ടിത്തുടങ്ങുമ്പോൾ ബുദ്ധിജീവി മട്ടിൽ തിലകൻ,നെടുമുടി,നാസറുദ്ദിൻ ഷാ എന്നിങ്ങനെയാകും പറയുന്നത്. 

             (“നില്ല്...നില്ല്...നില്ല്... ഈ ഉത്തരത്തിന്റെ പേരിൽ എനിക്കെതിരെ വാളെടുക്കുന്നതിനു മുൻപ് പുതുമുഖതാരങ്ങളുടെ അഭിമുഖങ്ങൾ കണ്ടുനോക്കൂ!!!). ('.')
          
-  വിപിൻ.ജി.നാഥ് പേയാട്


ഒരു ചവറുവണ്ടിയുടെ ആത്മകഥ(മോണിങ് വാക്കിന്റെ രഹസ്യം!!!)(22-3-2014)

വില്ല് - നിറം-2 (22.3.2014)

                          എന്നെ അറിയില്ലേ...?!!! ഞാനാണ് ചവറുവണ്ടി. കോർപ്പറേഷൻ വണ്ടിയെന്നും ജനങ്ങൾ എന്നെ വിളിക്കാറുണ്ട്. പേര് കേട്ടപ്പോൾത്തന്നെ നിങ്ങൾ മുഖം ചുളിച്ചു അല്ലേ...എനിക്കറിയാം; എല്ലാപേർക്കും എന്റെ പേര് കേൾക്കുന്നതുതന്നെ ഇഷ്ട്ടമല്ല.പക്ഷേ ഞാൻ ചെയ്യുന്ന സേവനം എത്ര മഹത്തരമാണെന്ന് നിങ്ങൾക്കറിയാമോ?

                          നഗരങ്ങളിൽ കുന്നു കൂടുന്ന ചപ്പ്ചവറുകൾ നീക്കം ചെയ്യുകയെന്നതാണ് എന്റെ ജോലി. ഹോട്ടലുകളിൽ നിന്നും ചന്തകളിൽ നിന്നും വീടുകളിൽ നിന്നും പുറന്തള്ളുന്ന പാഴ്വസ്തുക്കൾ ദൂരെക്കൊണ്ട് കളയുന്നത് ഞാനാണ്. എന്നാലും എനിക്ക് വൃത്തിയില്ലെന്ന് നിങ്ങൾ പറയും.                          
                           സത്യത്തിൽ നിങ്ങൾക്ക് വൃത്തിബോധമുണ്ടോ? നിങ്ങൾ നിങ്ങളുടെ വീട് തൂത്തുവാരി വൃത്തിയാക്കിയിട്ട് ചപ്പുചവറുകൾ അടുത്ത പുരയിടത്തിലോ റോഡിലോ അല്ലേ കൊണ്ടിടുന്നത്.
                          നഗരവാസികൾ പലരും മോണിങ് വാക്ക് ശീലമാക്കിയവരാണ്. “ദേഹമനങ്ങി പണി ചെയ്യാത്തവരല്ലേ, വ്യായാമത്തിനുവേണ്ടി അങ്ങനെ ചെയ്യുന്നത് നല്ലതാണ്”- എന്ന് ഗ്രാമവാസികൾ മനസ്സിൽ കരുതിക്കാണും. എന്നാൽ ഈ പ്രഭാതസവാരിക്ക് പിന്നിൽ ഒരു രഹസ്യമുണ്ട്! നടക്കാൻ പോകുന്നവരുടെ കയ്യിൽ ഒരു പ്ലാസ്റ്റിക് കവർ കാണും; അതിൽ നിറയെ വീട്ടിലെ എച്ചിലും ചപ്പും ചവറും! നടക്കുന്നതിനിടയിൽ സൂത്രത്തിൽ ആ കവർ റോഡരുകിൽ ഇട്ടിട്ട് പോകും. റോഡരുകിൽ ചവറ്റു കുട്ട വച്ചിരുന്നാലും ആരും അത് ഉപയോഗിക്കാറില്ല (ചവറ്റുകുട്ടയെന്നാൽ ചവറിടാനുള്ളതല്ല എന്നാണ് ഭൂരിഭാഗം ആളുകളും ചിന്തിക്കുന്നതെന്ന് തോന്നുന്നു). ഇതെല്ലാം പിന്നെ ഞാനാണ് നീക്കം ചെയ്യുന്നത്. എനിക്കറിയാം നിങ്ങളിൽ പലരും ഇപ്പോൾ ഞെട്ടിക്കാണും. നിങ്ങൾ രഹസ്യമായിട്ട് ചെയ്യുന്ന ഈ കാര്യങ്ങൾ ഞാനെങ്ങനെ അറിഞ്ഞു എന്നോർത്ത്.

                          ഇനിയൊരു രഹസ്യം പറയട്ടെ! ഞാനും ചിലപ്പോൾ കള്ളത്തരം കാണിക്കാറുണ്ട്. ജനവാസം കുറഞ്ഞ സ്ഥലത്ത് കൊണ്ടിടുന്നതിനു പകരം ഞാൻ ചിലപ്പോൾ ചപ്പുചവറുകൾ ജനത്തിരക്കേറിയ സ്ഥലത്ത് കൊണ്ടിടാറുണ്ട്.എന്റെ ഡ്രൈവറും ജോലിക്കാരും കൂടെയാണ് ഇത് ചെയ്യുന്നതെങ്കിലും കുറ്റം മുഴുവൻ ഞാൻ കേൾക്കണം.

                          ചില സ്ഥലങ്ങളിൽ ചവർ സംസ്കരണ ഫാക്ടറികൾ തുടങ്ങിയതോടേ എന്റെ കഷ്ട കാലവും തുടങ്ങി. ഫാക്ടറികളിലേക്ക് ചവറും കൊണ്ട് പ്പോകുന്ന എന്നെ ജനങ്ങൾ വഴിയിൽ തടയുകയും തല്ലിത്തകർക്കുകയും ചിലപ്പോൾ ബോംബ് എറിയുകയും ചെയ്യാറുണ്ട്. അല്ലാ ജനങ്ങളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.ഏത് ജലദോഷക്കാരന്റെയും മൂക്ക് തുറന്നു പോകുന്നതരത്തിലുള്ള ‘സുഗന്ധ’വും വഹിച്ചുകൊണ്ടല്ലേ ഞാൻ പോകുന്നത്.
 

                          റോഡിലൂടെ ഞാൻ കടന്നു പോകുമ്പോൾ എന്റെ ഗന്ധം സഹിക്കാനാവാതെ വഴിയാത്രക്കാർ ബോധം കെട്ട് താഴെ വീഴുന്നതും ബാലൻസ് നഷ്ടപ്പെട്ട ഇരുചക്രവാഹനക്കാർ വണ്ടി വഴിയാത്രക്കാരുടെ ദേഹത്ത് കയറ്റുന്നതും സർവ്വസാധാരണമാണ് (സത്യമായിട്ടും ഞാനിതു കണ്ട് ചിരിക്കാറില്ല.)

                          ഏറ്റവും രസകരമായ കാഴ്ച ആകാശമാർഗേണ പരുന്തുകളും കാക്കകളും എനിക്ക് എസ്കോർട്ട് നൽകുന്നതാണ്.

                          ഞാനില്ലെങ്കിൽ നഗരങ്ങൾ മാലിന്യം കൊണ്ട് നിറയും, രോഗങ്ങൾ പടരും, ജനജീവിതം ദുസ്സഹമാകും. എതെല്ലാം ഒഴിവാക്കുന്ന എന്നെ ഇനിയെങ്കിലും നിങ്ങൾ വെറുക്കാതിരിക്കുക.

- വിപിൻ.ജി.നാഥ് പേയാട്
       
             “ചവറുവണ്ടിയുടെ ആത്മകഥയെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”


നളപാചകം (22-3-2014)

വില്ല് - നിറം-3 (22.3.2014)

 

ഇൻസ്റ്റന്റ് തൊടുകറി

 

                  എന്തൊക്കെ ഉണ്ടെന്നു പറഞ്ഞാലും ചില ദിവസങ്ങളിൽ വീട്ടിൽ അത്താഴം ഉണ്ണാൻ ഇരിക്കുമ്പോൾ വായിക്കുരുചിയുള്ള ഒരു കറിയുമില്ലെന്ന് തോന്നാറില്ലേ?!! ആ സമയത്ത് വളരെ വേഗം ഉണ്ടാക്കാൻ പറ്റുന്ന ഒരു “തൊടുകറി” യുടെ റസിപ്പി പറഞ്ഞു തരാം.
                     

                     ചേരുവകകൾ: കുരുമുളക്,വെളുത്തുള്ളി,വെളിച്ചെണ്ണ,ഉപ്പ്
                      

                     തയ്യാറാക്കുന്ന വിധം:കുരുമുളകും വെളുത്തുള്ളിയും ഉപ്പും കൂടെ അരകല്ലിൽ വച്ച് ചതച്ചെടുക്കുക; അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേർക്കുക ഇൻസ്റ്റന്റ് തൊടുകറി റെഡി!!! (“അതെന്താ ‘ബ്രോ’ഈ അരകല്ല്, എന്റെ ഫ്ലാ‍റ്റിൽ അരകല്ല് ഇല്ല”- എന്നു പറയുന്ന ന്യൂ ജനറേഷൻ ബഡ്ഡികൾ വിഷമിക്കേണ്ട നിങ്ങൾ കുരുമുളക് പൊടിയെടുത്തിട്ട് വെളുത്തുള്ളിയും ഉപ്പും കൂടെ കൈകൊണ്ട് ഉടച്ചു ചേർത്താൽ മതി)

- വിപിൻ.ജി.നാഥ് പേയാട്
               
              “എങ്ങനെയുണ്ട് തൊടുകറി ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”

 

കുട്ടിക്കവിത (22-3-2014)


വില്ല് - നിറം-4 (22.3.2014)

 

കുട്ടിക്കവിത

               ‘കാക്കയോട് ’
           കറുകറുത്തൊരു കാക്കമ്മേ
           കൊക്കിലെന്താണ്?
                  വെളുവെളുത്തൊരു അപ്പത്തിൻ
                  ചെറിയ തുണ്ടാണ്.
               

              ‘തത്തയോട്’
കുട്ടി:
          പച്ചിലക്കാട്ടിൽ പടഞ്ഞിരിക്കും പച്ചതത്തമ്മേ
          പേടിയില്ലേ പൂച്ച നിന്നെ പിടിച്ചിടുമെന്ന്?

തത്ത: 

    പറന്നു പോകാൻ കരുത്തെഴുന്നൊരു ചിറകുനൽകീട്ട് 

     പറഞ്ഞുവിട്ടു പാരിലെന്നെ പടച്ചൊരീശൻ.

      - വിപിൻ.ജി.നാഥ് പേയാട്
        
                 “എങ്ങനുണ്ട് കുട്ടിക്കവിത? കുട്ടികൾക്ക് ഇഷ്ടപ്പെടുമോ? വിവരം കൊച്ചു കുട്ടികൾക്കും ‘വലിയകുട്ടികൾക്കും’ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല / അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താം”
   - സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

ജീവിത ദർശനം (22-3-2014)

വില്ല് - നിറം-5 (22.3.2014)

  


*നല്ല വാക്ക് ഒരിക്കലും പല്ല് കളഞ്ഞിട്ടില്ല.
**ദുശ്ശീലങ്ങളെ നിയന്ത്രിക്കാത്തപക്ഷം അവ അത്യാവശ്യങ്ങളായി പരിണമിക്കും.
***കഴിവുള്ള മനുഷ്യന്റെ പുറകിൽ വേറെയും കഴിവുള്ള അനേകർ ഉണ്ടായിരിക്കും.
****നമ്മോടു യോജിക്കാത്തവർക്കു വിവരമുണ്ടെന്നു വിരളമായേ നാം സമ്മതിക്കാറുള്ളൂ.
*****പ്രശസ്തിയ്ക്കുള്ള ആഗ്രഹം ഉപ്പുവെള്ളം പോലെയാണ്; കുടിക്കുന്തോറും കൂടുതൽ 
          ആവശ്യമാവും. 
******നാം ബക്കറ്റു കണക്കിൽ ഉപദേശം നൽകുന്നു. പക്ഷേ സ്പൂൺ കണക്കിൽ അവ 
             തിരികെപ്പറ്റുന്നു
- വിപിൻ.ജി.നാഥ് പേയാട്
               
              “ഈ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”

ഹൈടെക് പഴഞ്ചൊല്ലുകൾ & ശൈലികൾ (22-3-2014)

വില്ല് - നിറം-6 (22.3.2014)

        ('.')  ഫയലും നോക്കി നിന്നവൻ സിസ്റ്റവും കൊണ്ടുപോയി.

        ('.')  തട്ടും മുട്ടും ഹാർഡ് വയറിന് പണവും പേരും ലൈവ് വയറിന് !

        ('.')  കമ്പ്യൂട്ടർ വാങ്ങാൻ പണമുണ്ട് മൌസ്പാഡ് വാങ്ങാൻ കാശില്ല.

        ('.')  കമ്പ്യൂട്ടർ കയ്യിൽ വച്ചു കൊണ്ട് കാൽക്കുലേറ്ററിന് അലയേണ്ട കാര്യമുണ്ടോ! 
  വിപിൻ.ജി.നാഥ് പേയാട്

           "ഈ പഴഞ്ചൊല്ലുകളിൽ പതിരുണ്ടോ? പതിരുമാറ്റണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല / അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ" .

കരിക്കും പച്ചവെള്ളവും - ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ (22-3-2014)

വില്ല് - നിറം-7 (22.3.2014)

 

കരിക്കും പച്ചവെള്ളവും


 

          ('.') നാളുകളോളം വെള്ളവും വളവും കൊടുത്ത് വളർത്തി തെങ്ങിൽ കയറുന്നതിന്റെ കൂലിയും കൊടുത്ത് റോഡരുകിൽ കൊണ്ടുവന്ന് വിൽക്കുന്ന കരിക്കിന് 25രൂപ;അത്രയൊന്നും മിനക്കേടില്ലാതെ കുപ്പിയിലടച്ച് വരുന്ന വെറുംപച്ചവെള്ളത്തിന് 20രൂപ. ഇത് ന്യായമാണോ?!!

- വിപിൻ.ജി.നാഥ് പേയാട്

           ('.') എല്ലാവർക്കും ഉത്തരം പറയാം .   ആ ഉത്തരം  താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല / അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താം.”

 - സസ്നേഹം  വിപിൻ.ജി.നാഥ് പേയാട്

മലയാള സിനിമ - ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ (22-2-2014)

വില്ല് - നിറം-3 (22.2.2014)

 

മലയാള സിനിമ

          ('.')    സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരം എന്ന് സിഗരറ്റ് പായ്ക്കറ്റിന്റെ പുറത്തും മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് മദ്യക്കുപ്പിയുടെ പുറത്തും  അമ്മയുടെ പാലാണ് കുഞ്ഞിന് നല്ലത് എന്ന് ബേബിഫുഡ് പായ്ക്കറ്റിന്റെ പുറത്തും എഴുതുന്നത് “ഭയങ്കരമായ” ഗുണംചെയ്യുന്നതുപോലെ തീയറ്ററിൽ പോയി സിനിമ കാണുന്നതാണ് നല്ലത് എന്ന് സീ.ഡി.യുടെ കവറിന്റെ പുറത്ത് എഴുതിയാൽ മലയാള സിനിമ രക്ഷപ്പെടില്ലേ..?!!! (ഹോ... എന്റെ ബുദ്ധി അപാരം തന്നെ അല്ലേ...)
- വിപിൻ.ജി.നാഥ് പേയാട്

           ('.') എല്ലാവർക്കും ഉത്തരം പറയാം . മലയാള സിനിമ രക്ഷപ്പെടണമെന്ന് ആഗ്രഹമുള്ളവർക്ക്  ആ ഉത്തരം  താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല / അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താം.”

 - സസ്നേഹം  വിപിൻ.ജി.നാഥ് പേയാട്