2015, ഏപ്രിൽ 23, വ്യാഴാഴ്‌ച

“ഒരുചവറുവണ്ടിയുടെആത്മകഥ”-മഴവില്ല്-നിറം-1(22.4.2015)

വില്ല് - നിറം-1 (22.4.2015)

ഒരു ചവറുവണ്ടിയുടെ ആത്മകഥ

                          എന്നെ അറിയില്ലേ...?!!! ഞാനാണ് ചവറുവണ്ടി. കോർപ്പറേഷൻ വണ്ടിയെന്നും ജനങ്ങൾ എന്നെ വിളിക്കാറുണ്ട്. പേര് കേട്ടപ്പോൾത്തന്നെ നിങ്ങൾ മുഖം ചുളിച്ചു അല്ലേ...എനിക്കറിയാം; എല്ലാപേർക്കും എന്റെ പേര് കേൾക്കുന്നതുതന്നെ ഇഷ്ട്ടമല്ല. പക്ഷേ ഞാൻ ചെയ്യുന്ന സേവനം എത്ര മഹത്തരമാണെന്ന് നിങ്ങൾക്കറിയാമോ?

                          നഗരങ്ങളിൽ കുന്നു കൂടുന്ന ചപ്പ്ചവറുകൾ നീക്കം ചെയ്യുകയെന്നതാണ് എന്റെ ജോലി. ഹോട്ടലുകളിൽ നിന്നും ചന്തകളിൽ നിന്നും വീടുകളിൽ നിന്നും പുറന്തള്ളുന്ന പാഴ് വസ്തുക്കൾ ദൂരെക്കൊണ്ട് കളയുന്നത് ഞാനാണ്. എന്നാലും എനിക്ക് വൃത്തിയില്ലെന്ന് നിങ്ങൾ പറയും.                          

                           സത്യത്തിൽ നിങ്ങൾക്ക് വൃത്തിബോധമുണ്ടോ? നിങ്ങൾ നിങ്ങളുടെ വീട് തൂത്തുവാരി വൃത്തിയാക്കിയിട്ട് ചപ്പുചവറുകൾ അടുത്ത പുരയിടത്തിലോ റോഡിലോ അല്ലേ കൊണ്ടിടുന്നത്.
                           
                           നഗരവാസികൾ പലരും മോണിങ് വാക്ക് ശീലമാക്കിയവരാണ്. “ദേഹമനങ്ങി പണി ചെയ്യാത്തവരല്ലേ, വ്യായാമത്തിനുവേണ്ടി അങ്ങനെ ചെയ്യുന്നത് നല്ലതാണ്”- എന്ന് ഗ്രാമവാസികൾ മനസ്സിൽ കരുതിക്കാണും. എന്നാൽ ഈ പ്രഭാതസവാരിക്ക് പിന്നിൽ ഒരു രഹസ്യമുണ്ട്! നടക്കാൻ പോകുന്നവരുടെ കയ്യിൽ ഒരു പ്ലാസ്റ്റിക് കവർ കാണും; അതിൽ നിറയെ വീട്ടിലെ എച്ചിലും ചപ്പും ചവറും! നടക്കുന്നതിനിടയിൽ സൂത്രത്തിൽ ആ കവർ റോഡരുകിൽ ഇട്ടിട്ട് പോകും. റോഡരുകിൽ ചവറ്റു കുട്ട വച്ചിരുന്നാലും ആരും അത് ഉപയോഗിക്കാറില്ല (ചവറ്റുകുട്ടയെന്നാൽ ചവറിടാനുള്ളതല്ല എന്നാണ് ഭൂരിഭാഗം ആളുകളും ചിന്തിക്കുന്നതെന്ന് തോന്നുന്നു). ഇതെല്ലാം പിന്നെ ഞാനാണ് നീക്കം ചെയ്യുന്നത്. എനിക്കറിയാം നിങ്ങളിൽ പലരും ഇപ്പോൾ ഞെട്ടിക്കാണും. നിങ്ങൾ രഹസ്യമായിട്ട് ചെയ്യുന്ന ഈ കാര്യങ്ങൾ ഞാനെങ്ങനെ അറിഞ്ഞു എന്നോർത്ത്.

                          ഇനിയൊരു രഹസ്യം പറയട്ടെ! ഞാനും ചിലപ്പോൾ കള്ളത്തരം കാണിക്കാറുണ്ട്. ജനവാസം കുറഞ്ഞ സ്ഥലത്ത് കൊണ്ടിടുന്നതിനു പകരം ഞാൻ ചിലപ്പോൾ ചപ്പുചവറുകൾ ജനത്തിരക്കേറിയ സ്ഥലത്ത് കൊണ്ടിടാറുണ്ട്.എന്റെ ഡ്രൈവറും ജോലിക്കാരും കൂടെയാണ് ഇത് ചെയ്യുന്നതെങ്കിലും കുറ്റം മുഴുവൻ ഞാൻ കേൾക്കണം.

                          ചില സ്ഥലങ്ങളിൽ ചവർ സംസ്കരണ ഫാക്ടറികൾ തുടങ്ങിയതോടേ എന്റെ കഷ്ട കാലവും തുടങ്ങി. ഫാക്ടറികളിലേക്ക് ചവറും കൊണ്ട് പോകുന്ന എന്നെ ജനങ്ങൾ വഴിയിൽ തടയുകയും തല്ലിത്തകർക്കുകയും ചിലപ്പോൾ ബോംബ് എറിയുകയും ചെയ്യാറുണ്ട്. അല്ലാ ജനങ്ങളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഏത് ജലദോഷക്കാരന്റെയും മൂക്ക് തുറന്നു പോകുന്നതരത്തിലുള്ള ‘സുഗന്ധ’(?!)വും വഹിച്ചുകൊണ്ടല്ലേ ഞാൻ പോകുന്നത്.
 

                          റോഡിലൂടെ ഞാൻ കടന്നു പോകുമ്പോൾ എന്റെ ഗന്ധം സഹിക്കാനാവാതെ വഴിയാത്രക്കാർ ബോധം കെട്ട് താഴെ വീഴുന്നതും ബാലൻസ് നഷ്ടപ്പെട്ട ഇരുചക്രവാഹനക്കാർ വണ്ടി വഴിയാത്രക്കാരുടെ ദേഹത്ത് കയറ്റുന്നതും സർവ്വസാധാരണമാണ്. (സത്യമായിട്ടും ഞാനിതു കണ്ട് ചിരിക്കാറില്ല.)

                          ഏറ്റവും രസകരമായ കാഴ്ച ആകാശമാർഗേണ പരുന്തുകളും കാക്കകളും എനിക്ക് എസ്കോർട്ട് നൽകുന്നതാണ്.


                          ഞാനില്ലെങ്കിൽ നഗരങ്ങൾ മാലിന്യം കൊണ്ട് നിറയും, രോഗങ്ങൾ പടരും, ജനജീവിതം ദുസ്സഹമാകും. എതെല്ലാം ഒഴിവാക്കുന്ന എന്നെ ഇനിയെങ്കിലും നിങ്ങൾ വെറുക്കാതിരിക്കുക.

- വിപിൻ.ജി.നാഥ് പേയാട്
                     “ചവറുവണ്ടിയുടെ ആത്മകഥയെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”


നഗ്നഓട്ടം...?!!- മഴവില്ല് - നിറം-2 (22.4.2015)

ില്ല് - നിറം-2 (22.4.2015)

 

നഗ്ന ഓട്ടം... ?!! - യുറീക്ക 

                       കേരളത്തിൽ ടി.വി.യും കമ്പ്യൂട്ടറുമൊക്കെ അത്യപൂർവ്വമോ ഒരു പരിധി വരെ വെറും കേട്ടുകേൾവിയോ മാത്രമായിരുന്ന ഒരു കാലത്ത് -1970-90കാലഘട്ടത്തിൽ - കേരളത്തിലെ വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്താൻ; പഠനം പാൽ‌പ്പായസം പോലെയാക്കാൻ സഹായിച്ച മികച്ച ഒരു മാസികയായിരുന്നു ‘യുറീക്ക’. ‘യുറീക്ക’ എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം ഞാനത് കണ്ട് പിടിച്ചു എന്നാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആണ്  കുട്ടികളുടെ ശാസ്ത്ര മാസികയായ ‘യുറീക്ക’ പ്രസിദ്ധീകരിച്ചിരുന്നത്. 

                       ‘യുറീക്ക’എന്നു കേൾക്കുമ്പോൾ കുളിമുറിയിൽ നിന്ന് രാജകൊട്ടാരം വരെ ‘യുറീക്ക’ എന്നു വിളിച്ചു പറഞ്ഞു കൊണ്ട് നഗ്നനായി ഓടിയ ശാസ്ത്രജ്ഞനായ ആർക്കിമിഡീസ് -നെയാണ് ഓർമ്മ വരുന്നത്. ‘ഒരു വസ്തുവിന്റെ ഭാരനഷ്ടവും അത് ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരവും തുല്യമാണ്’- ഇതാണ് പ്രസിദ്ധമായ ആർക്കിമിഡീസ് തത്വം. 

 

 - വിപിൻ.ജി.നാഥ് പേയാട്


                  “ചിത്രങ്ങൾ ഇഷ്ട്ടപ്പെട്ടോ? ചിത്രത്തെയും ‘യുറീക്ക’യെയും കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

“ഹോ സന്തോഷമായി...?!!!”കുസൃതിച്ചോദ്യംKusruthichodyam- മഴവില്ല് - നിറം-3 (22.4.2015)

ില്ല് - നിറം-3 (22.4.2015)

 

  “ ഹോ സന്തോഷമായി...?!!!”       

                      
                ('.') വീട്ടിൽ കറണ്ട് പോയാലും നമുക്ക് സന്തോഷം തോന്നുന്നതെപ്പോൾ?!! ('.')

[ഉത്തരം അടുത്ത പോസ്റ്റിൽ...കാത്തിരിക്കൂ..! ('.') ]

- വിപിൻ.ജി.നാഥ് പേയാട്
               “എന്താ പറഞ്ഞത് കാത്തിരിക്കാൻ വയ്യന്നോ? എങ്കിൽ ഇപ്പോൾ മനസ്സിൽ തോന്നിയ ആ ഉത്തരം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ; ശരിയാണോന്ന് നോക്കട്ടെ.”
- ('.')സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
------------------------------------------------------------------------------

22.3.2015 - ലെ ‘കുസൃതിച്ചോദ്യ’ത്തിന്റെ ഉത്തരം :

“ വൈകിട്ടെന്താ പരിപാടി...?!!!”


                                               ചോദ്യം:
               ('.') രാവിലെ വിദ്യാർത്ഥികൾക്ക് ഇത് ഇഷ്ടമല്ലെങ്കിലും വൈകിട്ട് ഇത് വളരെ ഇഷ്ടമാണ്, എന്താണത്?!! ('.')

ഉത്തരം:
             ('.')   “സ്കൂളിൽ ബെല്ല്ലടിക്കുന്നത് കേൾക്കുന്നത്!!!”
 
               “കുസൃതിച്ചോദ്യം ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
                    

ജീവിതദർശനം Jeevitha Darsanam- മഴവില്ല് - നിറം-4 (22.4.2015)

വില്ല് - നിറം-4 (22.4.2015)


               **  കുറ്റങ്ങൾ കണ്ടെത്താനും വിമർശിക്കാനും എളുപ്പമാണ് നന്മ കാണാനും അഭിനന്ദിക്കാനും പ്രയാസവും.

          ***  വിമർശനങ്ങളിൽ തളരരുത് കാരണം, എന്തെങ്കിലും ചെയ്യുന്നവർ മാത്രമാണ് വിമർശിക്കപ്പെടുന്നത്.


          ****  നാം നിസ്സാരമെന്ന് കരുതി പറയുന്ന അഭിനന്ദന വാക്കുകൾ മറ്റുള്ളവർക്ക് വലിയ പ്രോത്സാഹനമായിത്തോന്നാം.
 - വിപിൻ.ജി.നാഥ് പേയാട്
               “ഈ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”

“കുയിലിനോട്”-കുട്ടിക്കവിതകൾ Kuttikavithakal- മഴവില്ല് - നിറം-5 (22.4.2015)


ില്ല് - നിറം-5 (22.4.2015)

  “ കുയിലിനോട് ... ”                    

          കൂഹൂ കൂഹൂ കൂഹൂ പാടും 
          കള്ളിക്കുയിലേ          
          നിന്നുടെ പാട്ടും കൊണ്ടിപ്പോഴേ 
          ദൂരെപ്പൊയ്ക്കോളൂ...

                  കൂഹൂ പാട്ടും പാടിക്കൊണ്ട്  
                  അടുത്തു വന്നെന്നാൽ
                  കുട്ടികൾ ഞങ്ങൾ ഒന്നിച്ചിന്ന്
                  കൂകി കൂകി തോൽ‌പ്പിയ്ക്കും !
- വിപിൻ.ജി.നാഥ് പേയാട്

            “എങ്ങനുണ്ട് കുട്ടിക്കവിത? കുട്ടികൾക്ക് ഇഷ്ടപ്പെടുമോ? വിവരം കൊച്ചു കുട്ടികൾക്കും ‘വലിയ കുട്ടികൾക്കും’ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താം”
- സസ്നേഹം വിപിൻ.ജി.നാഥ് പേയാട്


   

“നാലുമണിപ്പൂവ്” - “ചിത്രം... വിചിത്രം...”Chithram vichithram മഴവില്ല് - നിറം 6- (22.4.2015)

ില്ല് - നിറം 6- (22.4.2015)

 

നാലുണിപ്പൂവ് 

                              ‘നാലുമണിപ്പൂവ്’ എന്നു കേട്ടാൽ മിക്കവരുടെയും മനസിൽ തെളിയുന്നത്  സായാഹ്നത്തിനു ചന്തം ചാർത്തിക്കൊണ്ട് മജന്ത നിറത്തിൽ വിരിയുന്ന പൂക്കളാണ്. എന്നാൽ മജന്ത നിറത്തിൽ മാത്രമല്ല മറ്റുപല വർണ്ണങ്ങളിലും നാലുമണിപ്പൂക്കളുണ്ട് !!! ഇതാ ചിലത് കണ്ടുകൊള്ളൂ...






- വിപിൻ.ജി.നാഥ് പേയാട്

              “ചിത്രങ്ങൾ ഇഷ്ട്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 

-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

ഹൈടെക്പഴഞ്ചൊല്ലുകൾ&ശൈലികൾ Hi Tec Pazhanchollukal & Sailikal

വില്ല് - നിറം-7 (22.4.2015)



('.')  പൂച്ചയ്ക്കെന്താ “മൌസ്” ഇരിക്കുന്നിടത്ത് കാര്യം?!!
 
('.')  അരപ്പണത്തിന്റെ സീ.ഡി. മുക്കാൽ പണത്തിന്റെ സിസ്റ്റം നശിപ്പിച്ചു.
 

('.')  താൻ പാതി പ്രൊസസർ പാതി.
 

('.')  ഫയലും കറപ്റ്റാക്കി സിസ്റ്റവും കേടാക്കി എന്നിട്ടും വൈറസിനാണ് മുറുമുറുപ്പ്.

('.')  ടൈപ്പ് ചെയ്തവന് ഫോണ്ട് മാറ്റാഞ്ഞ് ടൈപ്പ് ചെയ്യാത്തവന് കീബോർഡ് കിട്ടാഞ്ഞ്. 

('.')  അഞ്ചു പൈസയ്ക്ക് സിസ്റ്റവും വേണം ആയിരം ജീ.ബി. മെമ്മറിയും വേണം എന്നു മോഹിക്കരുത്.

('.')  കീബോർഡെന്നത് ഞാനറിയും സീ.ഡി. പോലെ ഉരുണ്ടിരിക്കും!

('.')  വൈറസിന്റെ ചെവിയിൽ വേദമോതിയിട്ട് കാര്യമില്ല.
 

- വിപിൻ.ജി.നാഥ് പേയാട്

           "ഈ പഴഞ്ചൊല്ലുകളിൽ പതിരുണ്ടോ? പതിരുമാറ്റണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല / അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ" .