മഴവില്ല് - നിറം-7 (22.1.2014)
അഭിനയ ശേഷിയും മലയാളത്തനിമയും ഒത്തിണങ്ങിയ ഒരു നായികയ്ക്ക് വേണ്ടിയുള്ള മലയാള സിനിമയുടെ കാത്തിരിപ്പിന്റെ സാഫല്യമായിരുന്നു മഞ്ജുവാര്യർ. മറ്റുള്ളവരുടെ കഴിവുകളെ അത്ര പെട്ടെന്നൊന്നും അംഗീകരിക്കാത്ത മലയാളികൾ പക്ഷേ മഞ്ജുവാര്യരെ വളരെ വേഗമാണ് ഹൃദയത്തിൽ സ്വീകരിച്ചത്. ശാരദയെയും ഷീലയെയും ഉർവ്വശിയെയും പോലെ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ കഴിവുള്ള ഒരു നടിയെയാണ് മഞ്ജുവാര്യരിൽ പ്രേക്ഷകർ ദർശിച്ചത്.
മോഹൻ സംവിധാനം ചെയ്ത ‘സാക്ഷ്യം’ എന്ന സിനിമയിലൂടെ എത്തിയ മഞ്ജുവിനെ താരമാക്കിയത് 1996 ൽ വിഷുവിന് പുറത്തിറങ്ങിയ ‘സല്ലാപ’മാണ്. തൊട്ടുപിന്നാലെ മഞ്ജുവിന് ലഭിച്ചത് മലയാളത്തിലെ ഹിറ്റ്മേക്കർമാരിൽ രണ്ടുപേരായ സത്യൻ അന്തിക്കാടിന്റേയും (തൂവൽ കൊട്ടാരം) രാജസേനന്റെയും(ദില്ലിവാല രാജകുമാരൻ) ചിത്രങ്ങളാണ്. ഈ ചിത്രങ്ങളുടെ വിജയം മഞ്ജുവാര്യർ എന്ന നടിയുടെ സിംഹാസനം ഉറപ്പിച്ചു.1996 ൽ മഞ്ജുവാര്യർ അഭിനയിച്ച ഒട്ടുമിക്കചിത്രങ്ങളും ഹിറ്റായി. അങ്ങനെ ‘ഹിറ്റുകളുടെ രാജകുമാരി’യായി. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് 1996 ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നേടി.
1997 ൽ മികച്ച കുറച്ച് കഥാപാത്രങ്ങളേ മഞ്ജുവാര്യർക്ക് ലഭിച്ചുള്ളു. ‘ഇരട്ടക്കുട്ടികളുടെ അച്ഛൻ’-ലെ ‘അനുപമ‘, ‘കളിയാട്ട’ത്തിലെ ‘താമര’ തുടങ്ങിയവ. എല്ലാചിത്രങ്ങളും ഹിറ്റാക്കാൻ മഞ്ജുവിന് കഴിഞ്ഞില്ല.
എന്നാൽ ഈ കുറവ് പരിഹരിക്കുന്ന തരത്തിൽ 1997 ഡിസംബറിൽ ഒരു ചിത്രമിറങ്ങി; ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ആറാം തമ്പുരാൻ’. ഇതിൽ മോഹൻലാലിന്റെ അഭിനയ വൈഭവത്തിനൊപ്പം പിടിച്ചുനിന്ന മഞ്ജുവിന്റെ ഉണ്ണിമായയെ ആർക്കും മറക്കാൻ കഴിയില്ല.
തുടർന്ന് വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങൾ മഞ്ജുവാര്യരുടെ ക്രഡിറ്റിലുണ്ടായി. ഇതിൽ ഏറ്റവും ശ്രദ്ധേയം ,‘കന്മദ’ത്തിലെ ‘ഭാനു’വാണ്. തികച്ചും ‘റഫ് ആൻഡ് ടഫ്’ ആയ ഒരു വേഷം. പ്രായത്തിൽ കവിഞ്ഞ പക്വതയോടെ മഞ്ജു ആ കൊല്ലത്തിപ്പെണ്ണിനെ ഗംഭീരമാക്കി. എം.ടി.യുടെ രചനയായ ‘ദയ’യാണ് മറ്റൊരു ചിത്രം. അതിലെ അടിമപ്പെണ്ണിനെ മഞ്ജു ഏറെ സ്ട്രെയിനെടുത്ത് അവതരിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം കിട്ടിയില്ല. ‘തിരകൾക്കപ്പുറ’വും ബോക്സ് ഓഫീസിൽ രക്ഷപ്പെട്ടില്ല.
1998 ലെ ഓണത്തിന് പുറത്തിറങ്ങിയ ‘സമ്മർ ഇൻ ബത് ലഹേം’ ഗംഭീരവിജയമായതിന്റെ ഒരു ഘടകം മഞ്ജുവിന്റെ തകർപ്പൻ പ്രകടനമാണ്.
ജോഷിയുടെ ‘പത്ര’ത്തിലെ ‘ദേവിക’യും, തിലകനുമായി ഒപ്പത്തിനൊപ്പം പിടിച്ചു നിന്ന ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലെ ‘രുദ്ര’യെയും പോലെ തീപ്പൊരി കഥാപാത്രങ്ങളെ മഞ്ജു അവതരിപ്പിച്ചത് പ്രശംസനീയമാണ്.
ഒരു സിനിമാതാരം ടി. വി. സീരിയലിൽ അഭിനയിച്ചാൽ സിനിമയിൽ അവസരം കുറഞ്ഞിട്ടാണ് എന്നു കരുതുന്ന കാലത്ത് മഞ്ജുവാര്യർ ധൈര്യപൂർവ്വം ഒരു ടി. വി. സീരിയലിൽ അഭിനയിച്ചു. ഡേവിഡ് കാച്ചപ്പള്ളിയുടെ ‘മോഹാരവം’. മഞ്ജുവാര്യരെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കുന്നതിൽ ‘മോഹാരവം’ ഏറെ സഹായിച്ചു.
എം. ജി. ശ്രീകുമാറും മാഗ്നസൗണ്ടും ചേർന്ന് ഓണത്തിന് പുറത്തിറക്കിയ ‘ചിങ്ങപ്പൂവ്’ എന്ന ആൽബത്തിൽ രണ്ട് ഗാനങ്ങളും മഞ്ജുവാര്യർ പാടി.
നീണ്ട ഇടവേളയ്ക്ക് ശേഷം 2013 ൽ മഞ്ജുവാര്യർ അഭിനയ രംഗത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ്. മികച്ച കഥാപാത്രങ്ങളുമായി മഞ്ജു വീണ്ടും നമ്മെ രസിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.
- വിപിൻ.ജി.നാഥ് പേയാട്
“മഞ്ജുവാര്യരുടെ തിരിച്ചുവരവിനെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം , വിപിൻ.ജി.നാഥ് പേയാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ