2014, ഏപ്രിൽ 22, ചൊവ്വാഴ്ച

“ നടവഴി, പൊതുവഴി, കുറുക്കുവഴി...”- (22.4.2014)

ില്ല്- നിറം-7 (22.4.2014)

 

“ നടവഴി, പൊതുവഴി, കുറുക്കുവഴി...”

                    

               നടവഴി, ഇടവഴി, പൊതുവഴി, കൈവഴി, പെരുവഴി, കുറുക്കുവഴി എന്നിങ്ങനെ പലതരം വഴികൾ അഥവാ റോഡുകൾ നമ്മുടെ നാട്ടിലുണ്ട്. ഇതിൽ “കുറുക്കുവഴി”യാണ് പൊതുവേ എല്ലാവർക്കും ഇഷ്ടം!! അതു കാരണം പലപ്പോഴും “പെരുവഴി” ആകാറാണ് പതിവ്!!! അതിൽ നിന്ന് രക്ഷപ്പെടാൻ പിന്നെ “പോംവഴി” ഒന്നും കിട്ടാറില്ല എന്നതാണ് സത്യം...!

               യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷിതമായി സഞ്ചരിക്കാനുള്ള ഒരു സംവിധാനമാണ് റോഡ് എന്നാണ് സങ്കല്പം! എങ്കിലും ടെലിഫോൺ കേബിളും പൈപ്പ് ലൈനും ഇടുന്നതിന് വെട്ടിപ്പൊളിക്കുന്നതിനു വേണ്ടിയാണ് പ്രധാനമായും നമ്മുടെ നാട്ടിൽ റോഡുകൾ ഉപയോഗിക്കുന്നത് !!

               ആദ്യകാലത്ത് മണ്ണുകൊണ്ടാണ് റോഡ് നിർമ്മിച്ചിരുന്നത്. ഇപ്പോൾ റോഡ് നിർമ്മിക്കുന്നതിന് മെറ്റലും ടാറും ഉപയോഗിക്കുന്നു. കന്നുകാലികൾ ചാണകമിടുന്നതുപോലെ റോഡിൽ അങ്ങിങ്ങായി(?!!) കറുത്ത നിറത്തിൽ കാണപ്പെടുന്ന വസ്തുവിനെയാണ് ടാർ അഥവാ കീൽ എന്നു പറയുന്നത്.

               മഴക്കാലം തുടങ്ങുമ്പോൾ നമ്മുടെ റോഡുകളിൽ പൊതുമരാമത്തു വകുപ്പിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കും. വേനൽക്കാലത്ത് ഈ വകുപ്പ് ഉറക്കത്തിലായിരിക്കും. ‘ഗട്ടറുകൾ’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന റോഡുകളിലെ ‘കിണറു’കളിൽ മണ്ണിട്ട് നികത്തി മുകളിൽ ചാണകം മെഴുകുക എന്നതാണ് പൊതുമരാമത്തുവകുപ്പിന്റെ ജോലി.  

               റോഡുനിർമാണത്തിന്റെ ആദ്യപടിയായി മെറ്റലും ടാറും റോഡരുകിൽ ഇറക്കിവയ്ക്കുന്നു. കൂമ്പാരം കൂട്ടിവയ്ക്കുന്ന മെറ്റലിൽ കയറിയിറങ്ങി കളിക്കുന്നതും ടാർ വിരലിൽ തോണ്ടി മറ്റുള്ളവരുടെ ദേഹത്തുപുരട്ടുന്നതും കുട്ടികളുടെ പ്രധാന വിനോദമാണ്. 

               റോഡിൽ ചിതറിക്കിടക്കുന്ന മെറ്റലിൽ ചെറിയവാഹനങ്ങൾ വഴുതിവീഴുന്നതും വലിയവാഹനങ്ങളുടെ ടയറിനടിയിൽ കുടുങ്ങി തെറിച്ചുവരുന്ന മെറ്റലുകൊണ്ടുള്ള ഏറ് വഴിയാത്രക്കാർക്ക് കൊള്ളുന്നതും സ്ഥിരം സംഭവമാണ്. 

               നഗരങ്ങളിലും മറ്റും റോഡുകളുടെ ഇരുവശത്തും ഫുഡ്പാത്തുകൾ അഥവാ നടപ്പാതകൾ കാണാം. വഴിക്കച്ചവടക്കാർക്ക് പലതരം സാധനങ്ങൾ നിരത്തിവച്ച് വില്പന നടത്തുന്നതിനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വേണ്ടിയാണ് ഈ നടപ്പാതകൾ ഉപയോഗിക്കുന്നത്. 

               നമ്മുടെ റോഡുകളിൽ സർവസാധാരണയായിക്കാണപ്പെടുന്ന ഗട്ടറുകളിൽ വീണ് ലോറിയും ബസും അപ്രത്യക്ഷമാകാറുണ്ട്. 

               പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ,വെള്ളം നിറഞ്ഞറോഡുകളിലെ ഗട്ടറുകളിലൂടെ ഒരുനഗരത്തിൽ നിന്ന് അടുത്തനഗരത്തിലേക്ക് “ബോട്ട് സർവീസ്” ആരംഭിക്കുന്നകാര്യം സർക്കാരിന്റെ സജീവപരിഗണനയിലാണ്.

               റോഡുകളിലെ ഗട്ടറുകളിൽ വാഴ,ചേമ്പ്, മരച്ചീനി, പപ്പായ തുടങ്ങിയവയും ഇടവിളയായി ഇഞ്ചി, വെണ്ട, പയർ തുടങ്ങിയ പച്ചക്കറികളും പൊതുജനങ്ങൾ കൃഷി ചെയ്യാറുണ്ട്. കുളങ്ങളില്ലാത്ത ചില സ്ഥലങ്ങളിൽ ഗട്ടറുകളിൽ വൻതോതിൽ മത്സ്യകൃഷി നടത്തുന്നു. 

               പാതാളം വരെ ചെന്നെത്തുന്ന ഗട്ടറുകൾ വഴിയാണ് മഹാബലി ഓണക്കാലത്ത് കേരളത്തിൽ എത്തിച്ചേരുന്നതെന്ന് ഇപ്പോൾ വിശ്വസിച്ചു വരുന്നു!

               ഇങ്ങനെ നമ്മുടെ റോഡുകൾ പലവിധത്തിൽ പൊതുജനങ്ങൾക്ക് ഒരനുഗ്രഹമായിനിലകൊള്ളുന്നു!!!

- വിപിൻ.ജി.നാഥ് പേയാട്

              “നമ്മുടെ റോഡുകളെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 

-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ