മഴവില്ല് - നിറം-2 (22.3.2014)
എന്നെ അറിയില്ലേ...?!!! ഞാനാണ് ചവറുവണ്ടി. കോർപ്പറേഷൻ വണ്ടിയെന്നും ജനങ്ങൾ എന്നെ വിളിക്കാറുണ്ട്. പേര് കേട്ടപ്പോൾത്തന്നെ നിങ്ങൾ മുഖം ചുളിച്ചു അല്ലേ...എനിക്കറിയാം; എല്ലാപേർക്കും എന്റെ പേര് കേൾക്കുന്നതുതന്നെ ഇഷ്ട്ടമല്ല.പക്ഷേ ഞാൻ ചെയ്യുന്ന സേവനം എത്ര മഹത്തരമാണെന്ന് നിങ്ങൾക്കറിയാമോ?
നഗരങ്ങളിൽ കുന്നു കൂടുന്ന ചപ്പ്ചവറുകൾ നീക്കം ചെയ്യുകയെന്നതാണ് എന്റെ ജോലി. ഹോട്ടലുകളിൽ നിന്നും ചന്തകളിൽ നിന്നും വീടുകളിൽ നിന്നും പുറന്തള്ളുന്ന പാഴ്വസ്തുക്കൾ ദൂരെക്കൊണ്ട് കളയുന്നത് ഞാനാണ്. എന്നാലും എനിക്ക് വൃത്തിയില്ലെന്ന് നിങ്ങൾ പറയും.
സത്യത്തിൽ നിങ്ങൾക്ക് വൃത്തിബോധമുണ്ടോ? നിങ്ങൾ നിങ്ങളുടെ വീട് തൂത്തുവാരി വൃത്തിയാക്കിയിട്ട് ചപ്പുചവറുകൾ അടുത്ത പുരയിടത്തിലോ റോഡിലോ അല്ലേ കൊണ്ടിടുന്നത്.
നഗരവാസികൾ പലരും മോണിങ് വാക്ക് ശീലമാക്കിയവരാണ്. “ദേഹമനങ്ങി പണി ചെയ്യാത്തവരല്ലേ, വ്യായാമത്തിനുവേണ്ടി അങ്ങനെ ചെയ്യുന്നത് നല്ലതാണ്”- എന്ന് ഗ്രാമവാസികൾ മനസ്സിൽ കരുതിക്കാണും. എന്നാൽ ഈ പ്രഭാതസവാരിക്ക് പിന്നിൽ ഒരു രഹസ്യമുണ്ട്! നടക്കാൻ പോകുന്നവരുടെ കയ്യിൽ ഒരു പ്ലാസ്റ്റിക് കവർ കാണും; അതിൽ നിറയെ വീട്ടിലെ എച്ചിലും ചപ്പും ചവറും! നടക്കുന്നതിനിടയിൽ സൂത്രത്തിൽ ആ കവർ റോഡരുകിൽ ഇട്ടിട്ട് പോകും. റോഡരുകിൽ ചവറ്റു കുട്ട വച്ചിരുന്നാലും ആരും അത് ഉപയോഗിക്കാറില്ല (ചവറ്റുകുട്ടയെന്നാൽ ചവറിടാനുള്ളതല്ല എന്നാണ് ഭൂരിഭാഗം ആളുകളും ചിന്തിക്കുന്നതെന്ന് തോന്നുന്നു). ഇതെല്ലാം പിന്നെ ഞാനാണ് നീക്കം ചെയ്യുന്നത്. എനിക്കറിയാം നിങ്ങളിൽ പലരും ഇപ്പോൾ ഞെട്ടിക്കാണും. നിങ്ങൾ രഹസ്യമായിട്ട് ചെയ്യുന്ന ഈ കാര്യങ്ങൾ ഞാനെങ്ങനെ അറിഞ്ഞു എന്നോർത്ത്.
ഇനിയൊരു രഹസ്യം പറയട്ടെ! ഞാനും ചിലപ്പോൾ കള്ളത്തരം കാണിക്കാറുണ്ട്. ജനവാസം കുറഞ്ഞ സ്ഥലത്ത് കൊണ്ടിടുന്നതിനു പകരം ഞാൻ ചിലപ്പോൾ ചപ്പുചവറുകൾ ജനത്തിരക്കേറിയ സ്ഥലത്ത് കൊണ്ടിടാറുണ്ട്.എന്റെ ഡ്രൈവറും ജോലിക്കാരും കൂടെയാണ് ഇത് ചെയ്യുന്നതെങ്കിലും കുറ്റം മുഴുവൻ ഞാൻ കേൾക്കണം.
ഇനിയൊരു രഹസ്യം പറയട്ടെ! ഞാനും ചിലപ്പോൾ കള്ളത്തരം കാണിക്കാറുണ്ട്. ജനവാസം കുറഞ്ഞ സ്ഥലത്ത് കൊണ്ടിടുന്നതിനു പകരം ഞാൻ ചിലപ്പോൾ ചപ്പുചവറുകൾ ജനത്തിരക്കേറിയ സ്ഥലത്ത് കൊണ്ടിടാറുണ്ട്.എന്റെ ഡ്രൈവറും ജോലിക്കാരും കൂടെയാണ് ഇത് ചെയ്യുന്നതെങ്കിലും കുറ്റം മുഴുവൻ ഞാൻ കേൾക്കണം.
ചില സ്ഥലങ്ങളിൽ ചവർ സംസ്കരണ ഫാക്ടറികൾ തുടങ്ങിയതോടേ എന്റെ കഷ്ട കാലവും തുടങ്ങി. ഫാക്ടറികളിലേക്ക് ചവറും കൊണ്ട് പ്പോകുന്ന എന്നെ ജനങ്ങൾ വഴിയിൽ തടയുകയും തല്ലിത്തകർക്കുകയും ചിലപ്പോൾ ബോംബ് എറിയുകയും ചെയ്യാറുണ്ട്. അല്ലാ ജനങ്ങളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.ഏത് ജലദോഷക്കാരന്റെയും മൂക്ക് തുറന്നു പോകുന്നതരത്തിലുള്ള ‘സുഗന്ധ’വും വഹിച്ചുകൊണ്ടല്ലേ ഞാൻ പോകുന്നത്.
റോഡിലൂടെ ഞാൻ കടന്നു പോകുമ്പോൾ എന്റെ ഗന്ധം സഹിക്കാനാവാതെ വഴിയാത്രക്കാർ ബോധം കെട്ട് താഴെ വീഴുന്നതും ബാലൻസ് നഷ്ടപ്പെട്ട ഇരുചക്രവാഹനക്കാർ വണ്ടി വഴിയാത്രക്കാരുടെ ദേഹത്ത് കയറ്റുന്നതും സർവ്വസാധാരണമാണ് (സത്യമായിട്ടും ഞാനിതു കണ്ട് ചിരിക്കാറില്ല.)
ഏറ്റവും രസകരമായ കാഴ്ച ആകാശമാർഗേണ പരുന്തുകളും കാക്കകളും എനിക്ക് എസ്കോർട്ട് നൽകുന്നതാണ്.
ഞാനില്ലെങ്കിൽ നഗരങ്ങൾ മാലിന്യം കൊണ്ട് നിറയും, രോഗങ്ങൾ പടരും, ജനജീവിതം ദുസ്സഹമാകും. എതെല്ലാം ഒഴിവാക്കുന്ന എന്നെ ഇനിയെങ്കിലും നിങ്ങൾ വെറുക്കാതിരിക്കുക.
- വിപിൻ.ജി.നാഥ് പേയാട്
“ചവറുവണ്ടിയുടെ ആത്മകഥയെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ
കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക്
ചെയ്ത് രേഖപ്പെടുത്തൂ.”
- സസ്നേഹം , വിപിൻ.ജി.നാഥ് പേയാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ