2014, ജൂലൈ 22, ചൊവ്വാഴ്ച

“ഒരു സ്കൂൾ ബസിന്റെ ആത്മകഥ..!!! ”-പ്രധാന താരം(Main story)(22.7.2014)

ില്ല് - നിറം-7 (22.7.2014)

 

ഒരു സ്കൂൾ ബസിന്റെ ആത്മകഥ..!!! 

                                       

                 പ്രിയപ്പെട്ട കൂട്ടുകാരേ, എന്നെ നിങ്ങൾക്ക്  കൂടുതൽ പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ. ഞാനാണ് സ്കൂൾബസ്സ്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് വിദ്യാ‍ർഥികളെ സ്കൂളിൽ എത്തിക്കുകയും തിരികെ കൊണ്ടു വിടുകയുമാണ് എന്റെ ജോലി. ഇതു കേട്ട് എന്റെ ബന്ധുക്കളായ ട്രാൻസ്പോർട്ട്  ബസുകളും പ്രൈവറ്റ് ബസുകളും കണ്ണുരുട്ടുന്നത് എനിക്കു കാണാം. അവരും വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ സഹായിക്കാറുണ്ടത്രേ. ശരി...ശരി...ശരി... ഞാനത് സമ്മതിക്കുന്നു.

                 പല ട്രാ‍ൻസ്പോർട്ട്ബസ്സുകളുടെയും ഫുട്ബോർഡിലും പുറകിലത്തെ ഏണിയിലുമാണല്ലോ വിദ്യാർഥികളുടെ സ്ഥാനം! പ്രൈവറ്റ് ബസ്സുകൾക്കാണെങ്കിൽ വിദ്യാർഥികളെ കാണുന്നതു തന്നെ ദേഷ്യമാണ്. അകത്ത് കയറിപ്പറ്റിയാലോ, പലപ്പോഴും സീറ്റിലിരിക്കാൻ അനുവാദമില്ല. അങ്ങനെ നോക്കുമ്പോൾ എന്റെ സ്ഥാനം വളരെ ഉയർന്നതല്ലേ? ഞാൻ പൊങ്ങച്ചം പറയുകയാണെന്ന് വിചാരിക്കരുതേ!  

                  മുൻപൊക്കെ പല നിറങ്ങളിലുള്ള പെയിന്റടിച്ച് ഞാൻ ചെത്തി നടന്നിരുന്നു - അല്ല ഓടിയിരുന്നു. ഇപ്പോൾ ഞങ്ങൾക്കെല്ലാവർക്കും ഒറ്റ നിറമേയുള്ളൂ. മഞ്ഞ നിറം!! പോട്ടേ...എനിക്കതിൽ അത്ര പരിഭവമില്ല. വിദ്യാർഥികളെല്ലാം യൂ‍ണീഫോമിടുമ്പോൾ ഞങ്ങളെയും യൂണീഫോം ഇടീച്ചതാണെന്ന് സമാധാനിക്കാം.രാവിലത്തെ തിരക്കിനിടയിൽ ഞങ്ങളെ തിരിച്ചറിയാനാണൂപോലും ഈ നിറം.

 
                 സംഗതി സ്കൂൾബസ് ആണെങ്കിലും മത്തി അടുക്കുന്നതു പോലെയാണ് സ്കൂൾ ബസ്സിലും കുട്ടികളെ കയറ്റുന്നത്. ആദ്യമാദ്യമുള്ള സ്റ്റോപ്പിൽനിന്ന് ബസ്സിൽ കയറുന്നവർക്ക് സീറ്റ് കിട്ടും. പിന്നീട് കയറുന്നവർ സ്കൂളിൽഎത്തുന്നതുവരെ നിൽക്കണം!
 
                 സീറ്റ് കിട്ടിയവർ ഭാഗ്യം ചെയ്തവരാണെന്ന് കരുതാൻ വരട്ടെ. പിന്നീട് കയറുന്നവരുടെ ബാഗ് ഇവരാണ് ചുമക്കേണ്ടത്. എല്ലാവരും തങ്ങളുടെ ബാഗ് സീറ്റിലിരിക്കുന്നവരുടെ മടിയിലേക്കിടും. സത്യം പറഞ്ഞാൽ അലക്കുകാരന്റെ വിഴുപ്പു ഭാണ്ഡം ചുമക്കുന്ന കഴുതയുടെ അവസ്ഥ ഇതിലും ഭേദമാണെന്നു തോന്നും!!!

                 സീറ്റ് കിട്ടിയാലും സ്കൂളിലെത്തുന്നതുവരെ സീറ്റിലിരിക്കാമെന്നും കരുതേണ്ട. ടീച്ചർമാർ കയറുമ്പോൾ സീറ്റൊഴിഞ്ഞുകൊടുക്കണം. ചില ടീച്ചർമാർക്ക് ഏതെങ്കിലും സീറ്റ് കിട്ടിയാൽ പോര; സൈഡ് സീറ്റ് തന്നെ വേണം! 

                 എന്റെ യാത്രാവേളകൾ എത്ര രസകരമാണെന്നോ... കുട്ടികളുടെ കലപില ശബ്ദംകൊണ്ട് ബസ് മുഖരിതമായിരിക്കും. ഈ അണ്ഡകടാഹത്തിലെ മുഴുവൻ വിഷയങ്ങളും ബസ്സിൽ ചർച്ചാവിഷയമാകാറുണ്ട്. ഈ ബഹളത്തിനിടയിലും വായനയിൽ മുഴുകുന്ന ‘ബുജി’കളും ഉണ്ട്! പരീക്ഷാ സമയങ്ങളിൽ ബസ്സിൽ ഒരു ബഹളവുമില്ല. എന്തൊരച്ചടക്കമാണെന്നോ.

                 ‘അവധിക്കാലം’- എല്ലാ വിദ്യാർഥികളും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കാര്യം. പക്ഷേ അവധിക്കാലം എനിക്ക് ഇഷ്ടമല്ല. കാരണം എനിക്ക് ആ സമയത്ത് ഏകാന്തവാസമാണല്ലോ. വിദ്യാർഥികളെ കാണാൻ പറ്റില്ല. ബോറടി സഹിക്കാ‍ൻ പറ്റില്ല.

                 മിക്ക സ്കൂൾ ബസ്സുകളും പതിയെ മാത്രമേ ഓടുകയുള്ളൂ. നിറച്ച് വിദ്യാർഥികളുമായി മരണപ്പാച്ചിൽ നടത്തുന്നത് ശരിയല്ലല്ലോ. അതു കൊണ്ട് കുട്ടികൾ ഞങ്ങൾക്കൊരു ഓമനപ്പേരിട്ടിട്ടുണ്ട്. എന്താണെന്നോ - “കാള വണ്ടി”! 

                 ഇതൊക്കെയാണ് കൂട്ടുകാരേ എന്റെ വിശേഷങ്ങൾ. ഇനി നിൽക്കാൻ സമയമില്ല. രാവിലത്തെ ട്രിപ്പിനുള്ള സമയമായി. പോകട്ടേ...

                 റ്റാറ്റാ...ബൈ...ബൈ...പോം...പോം...കീ...കീ...

- വിപിൻ.ജി.നാഥ് പേയാട്

              സ്കൂൾ ബസിന്റെ ആത്മകഥയെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ