2014, ഡിസംബർ 30, ചൊവ്വാഴ്ച

എന്നാലുംഎന്റെകൃഷ്ണാ...-നര്‍മ്മം (22.12.2014)

ില്ല് - നിറം-4 (22.12.2014)

 

എന്നാലും എന്റെ കൃഷ്ണാ... 

                                       

                 എന്റെ ഭഗവാനെ കൃഷ്ണാ ... ഇതെന്താ എല്ലാരും ഇങ്ങനെ? നിനക്കെന്നെ അറിയാമല്ലൊ .ഞാനൊരു പാവമല്ലേ; ഒന്നാം ക്ലാസിൽ പഠിക്കുന്ന ഉണ്ണിക്കുട്ടൻ. നീയെന്താ ഇത് കേട്ടിട്ട് കള്ളച്ചിരിയും ചിരിച്ച് നിൽക്കുന്നത്?!!
 

                എല്ലാ കുട്ടികളെയും പോലെ എനിക്കും ഏറ്റവും ഇഷ്ടമുള്ള ദൈവമാണ് ഉണ്ണികൃഷ്ണൻ. എന്റെ അമ്മൂമ്മ പുരാണത്തിലെ എത്രയെത്ര കഥകളാണെന്നോ പറഞ്ഞു തരുന്നത്. അതിലെല്ലാം നീയല്ലാതെ ഞങ്ങൾ കുഞ്ഞുങ്ങളുടെ കുസൃതികൾ പോലെ കുസൃതികൾ കാട്ടി നടക്കുന്ന മറ്റൊരു ദേവനെക്കുറിച്ചും പറഞ്ഞു കേട്ടിട്ടില്ല. അതുകൊണ്ട് തന്നെയാണ് നീയെന്റെ ഇഷ്ടദേവനായത്. 

                അയ്യോ... ഇനിയും ഞാനെന്റെ പരിഭവത്തിന്റെ കാരണം പറഞ്ഞില്ലല്ലോ...നിന്റെ കുസൃതികൾ കണ്ട് അന്ന് അമ്പാടിയിൽ ഉണ്ടായിരുന്നവർ വെണ്ണയുംപാലും നിനക്ക് സമ്മാനമായി  തന്നിരുന്നു എന്നാണ് അമ്മൂമ്മ പറഞ്ഞത്. ഇതു കേട്ട് ആവേശം കൊണ്ട് നിന്റെ കുസൃതികൾ ഞാനും അനുകരിച്ചു.അതിന്റെ ഫലം ഇനി പറയാം.

                കുട്ടിക്കാലത്ത് നീയും കൂട്ടുകാരുംകൂടെ അയൽവക്കത്തെ വീടുകളിൽ കയറി വെണ്ണ കട്ടുതിന്നിരുന്നു എന്നു കേട്ടു. ഈ കള്ളത്തരം കണ്ടാലും വീട്ടുകാർ ഒന്നും പറയില്ലായിരുന്നു പോലും. ഞാനും ഇതൊന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. 

                ഒരു ദിവസം ഞാൻ അടുത്ത വീട്ടിലെ അടുക്കളയിൽ കയറി ചെറിയൊരു തെരച്ചിൽ നടത്തി നോക്കി. എന്തു പറയാനാ വെണ്ണ പോയിട്ട് നെയ്യ് പോലും അവിടെ ഉണ്ടായിരുന്നില്ല!! പിന്നെ അവിടെ ഒരു കുപ്പി ജാം ഇരിക്കുന്നതു കണ്ടു. ജാമെങ്കിൽ ജാം, അതാകട്ടെ എന്നു കരുതി ഞാൻ കുപ്പി തുറന്ന് തീറ്റി തുടങ്ങിയതും വീട്ടുകാരെത്തി; എന്നെ അടിക്കാൻ കൈ ഓങ്ങി. ഞാൻ ജീവനും കൊണ്ടോടി..!!! 

                പണ്ട് പേമാരി പെയ്തപ്പോൾ നീ ഗോവർദ്ധന പർവ്വതത്തെ ചെറുവിരൽ കൊണ്ടുയർത്തി കുടയായി പിടിച്ചല്ലോ. ഞാനും അതു പോലെ ഒരു ശ്രമം നടത്തി നോക്കി. അച്ഛൻ പുതിയ ഡി.വി.ഡി. പ്ലയർ വാങ്ങിക്കൊണ്ടു വന്നപ്പോൾ ഞാനത് ചെറുവിരലുകൊണ്ടുയർത്തി നോക്കി. അത് തറയിൽ വീണ് തവിടുപൊടിയായി. അച്ഛനെന്നെ തല്ലാൻ പിടിച്ചപ്പോൾ ഞാൻ ഉണ്ണികൃഷ്ണനെ അനുകരിച്ചതാണെന്നു പറഞ്ഞു. കുസൃതി കാണിക്കുമ്പോൾ യശോദ ഉണ്ണികൃഷ്ണനെ ഉരലിൽ പിടിച്ചുകെട്ടിയിടാറുണ്ട്. അതു പോലെ നിന്നെയും കെട്ടിയിടാം എന്നു പറഞ്ഞ് അച്ഛനെന്നെ കെട്ടിയിട്ടു. വീട്ടിൽ ഉരലില്ല മിക്സിയാണുള്ളത്. അതു കൊണ്ട് അച്ഛനെന്നെ കട്ടിലിന്റെ കാലിലാണ് കെട്ടിയിട്ടത്. എന്തൊരു കഷ്ടമാണെന്ന് നോക്കണേ..! 

                കാളിന്ദിയിൽ ഗോപികമാർ കുളിക്കുമ്പോൾ നീ അവരുടെ വസ്ത്രങ്ങളുമായി ആലിൻ കൊമ്പിൽ കയറി ഇരിക്കുമായിരുന്നല്ലോ. ഒരു ദിവസം കുറേ ചേച്ചിമാർ കുളത്തിൽ കുളിക്കുമ്പോൾ ഞാൻ അവരുടെ തുണികളും എടുത്ത് അടുത്തുണ്ടായിരുന്ന ഒരു മാവിൽ കയറിയിരുന്നു. തുണി ഞാൻ എടുക്കുന്നത് കണ്ട അവർ എന്റെ ചെവിക്ക് പിടിച്ചു തിരുമ്മി. ഞാൻ ഉണ്ണികൃഷ്ണനെ അനുകരിച്ചതാണെന്നു പറഞ്ഞപ്പോൾ അവർ പറയുകയാണ് ഞങ്ങളെന്നാൽ കംസനെ അനുകരിക്കുകയാണെന്ന്. 

                കൃഷ്ണനെക്കുറിച്ച് ഓർക്കുമ്പോൾ ആ ഓടക്കുഴലും മയിൽപ്പീലിയുമാണ് ആദ്യം മനസ്സിൽ എത്തുന്നത്. മയിൽപ്പീലി കിട്ടാത്തതു കൊണ്ട് ഞാൻ വീട്ടിലുണ്ടായിരുന്ന പൂവൻ കോഴിയുടെ വലിയൊരു തൂവൽ തലമുടിയിൽ തിരുകി നടന്നു. അത് കണ്ട് എല്ലാവരും എന്നെ കളിയാക്കിച്ചിരിച്ചു. 

                ഒരു ദിവസം പട്ടണത്തിൽ പോയപ്പോൾ ഓടക്കുഴൽ വിൽക്കുന്നത് കണ്ടു. എന്റെ നിർബന്ധം കൊണ്ട് അമ്മ ഒരെണ്ണം വാങ്ങിത്തന്നു. ഞാൻ ഊതിയിട്ട് ഓടക്കുഴലിലൂടെ ഫൂ...ഫൂ... എന്ന് കാറ്റ് വന്നതല്ലാതെ ശബ്ദമൊന്നും കേട്ടില്ല! പിന്നെ അതിനു പകരം ഒരു വിസിൽ വാങ്ങിത്തന്നു. അത് എപ്പോഴും ഞാൻ ഊതിക്കൊണ്ട് നടന്നപ്പോൾ “ചെറുക്കനെക്കൊണ്ട് ചെവിതല കേൾക്കാൻ വയ്യല്ലോ”- എന്നുപറഞ്ഞ് അച്ഛനത് പിടിച്ച് വാങ്ങി ചവിട്ടിപ്പൊട്ടിച്ചു കളഞ്ഞു.

                കുചേലൻ കൊണ്ടു വന്ന കല്ലും നെല്ലും നിറഞ്ഞ അവൽ നീ വാരിത്തിന്നതു പോലെ ഞാനും ഒരു പണി ചെയ്തു.  അമ്മ റേഷൻകടയിൽ നിന്നു വാങ്ങിക്കൊണ്ടുവന്ന കല്ലും നെല്ലും നിറഞ്ഞ റേഷനരി ഒരു പിടി ഞാൻ വാരിത്തിന്നു. കോഴിക്ക് തീറ്റയായി കൊടുക്കുന്ന അരി തിന്നെന്നും പറഞ്ഞ് അമ്മ എന്നെ പൊതിരെ തല്ലി.                 

                എന്റെ കൃഷ്ണാ...നീ അന്ന്  കുസൃതികൾ കാട്ടി രസിച്ചു നടന്നു. ഞാനിപ്പോൾ നിന്നെ അനുകരിച്ചപ്പോൾ കിട്ടിയ അനുഭവം കണ്ടില്ലേ..! എന്നാലും നിന്നോടെനിക്ക് പിണക്കമൊന്നുമില്ല. എന്തൊക്കെയായാലും നീ ഞങ്ങളുടെ കണ്ണിലുണ്ണിയായ അമ്പാടിക്കണ്ണനല്ലേ!!!    

- വിപിൻ.ജി.നാഥ് പേയാട്

              അമ്പാടിക്കണ്ണനെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/ അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.”
-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

1 അഭിപ്രായം: