2015, ജൂലൈ 7, ചൊവ്വാഴ്ച

“ആധാരമെഴുത്തുകാരന്റെപ്രേമലേഖനം”- മഴവില്ല് - നിറം-2 (22.6.2015)


ില്ല് - നിറം-2 (22.6.2015)

  “ ആധാരമെഴുത്തുകാരന്റെ പ്രേമലേഖനം ”

                                           

             കോത്താഴം താലൂക്കിൽ കോഴിക്കൊമ്പ് വില്ലേജിൽ കപ്പക്കാലായിൽ വീട്ടിൽ ദുര്യോധനക്കുറുപ്പ് മകൾ ടി.വി. കാണൽ, മൊബൈൽ കിന്നാരം തൊഴിൽ നിത്യകല്യാണി സമക്ഷം മേപ്പടി താലൂക്കിൽ മേപ്പടി വില്ലേജിൽ ചേറ്റുകണ്ടത്തിൽ വീട്ടിൽ കാർക്കോടകൻ പിള്ള മകൻ ആധാരമെഴുത്തു ജീവനം പുഷ്കു എന്ന പുഷ്കരകുമാരൻ സമർപ്പിക്കുന്ന പ്രേമലേഖനം.


                     എന്റെ കരളേ... നിന്റെ ഹൃദയം എന്റെ പേരിൽ പോക്കുവരവ് ചെയ്യുന്നതിന് എത്ര നാളുകളായി ഞാൻ പുറകേ നടക്കുന്നു...പക്ഷേ നീയെന്തേ എന്നെക്കാണുമ്പോൾ റിക്കവറിക്കാരേ കണ്ട കുടിശ്ശിക കക്ഷിയെപ്പോലെ ഒഴിഞ്ഞു മാറുന്നത്?!!! ഞാനെത്ര കാലം ഇങ്ങനെ പുറമ്പോക്കിൽ കിടക്കുന്ന കയ്യേറ്റക്കാരനെപ്പോലെ കഴിയും. നീയില്ലാത്ത ജീവിതം എനിക്ക് പട്ടയനമ്പരില്ലാത്ത തണ്ടപ്പേര് പോലെയാണ്.

                      +2 വിന് പഠിക്കുമ്പോൾ സ്കൂളിൽ പോകാനുള്ള സൌകര്യത്തിന് കുറച്ചു കാലം നീ നിന്റെ അമ്മായിയുടെ വീട്ടിൽ നിന്നതിന്റെ പേരിൽ കുത്തകപ്പാട്ടത്തിന് കിട്ടിയ സ്ഥലം പട്ടയ ഭൂമി ആക്കാൻ നോക്കുന്നതു പോലെ നിന്റമ്മായി അവരുടെ മകൻ കോലുനാരായണനെക്കൊണ്ട് നിന്നെകെട്ടിക്കാൻ നോക്കുന്നവിവരം ഞാനറിഞ്ഞു. പുറമ്പോക്കും തരിശും തിരിച്ചറിയാൻ വയ്യാത്ത അവനേക്കാൾ ഞാനാണ് നിനക്കു യോജിച്ചത്.

                     തമ്മിൽകണ്ടാൽ കീരിയും പാമ്പും പോലുള്ള നമ്മുടെ പിതാക്കന്മാരുടെ വഴക്കിനിടയിൽ എന്റെ അച്ഛൻ പുരയിടത്തിന്റെ അതിരിൽ കിടന്ന സർവ്വെ കല്ല് പിഴുതുകളഞ്ഞതും കൃഷിയുടെ കാര്യം പറഞ്ഞാൽ ഞങ്ങളുടെ കാഫലംതെങ്ങ് മൂന്ന്, കായില്ലാത്തത് രണ്ട്, വരിക്കപ്ലാവു ഒന്ന് എന്നിവ നിന്റെ അച്ഛൻ രഹസ്യമായി രസം വച്ച് ഉണക്കിയതും എന്റെ നാൾവഴിയിൽ ഞാൻ കുറിച്ചിട്ടിട്ടുണ്ട്. നഷ്ടത്തിന്റെ ഡി. സി. ബി. നോക്കിയാൽ നമ്മുടെ കുടുംബങ്ങൾ ഒരിക്കലും ഒന്നിക്കില്ല.

                     പോക്കുവരവിനെ ചുരുക്കി പി. വി. എന്നു പറയുന്നതുപോലെ കല്യാണി എന്ന നിന്റെ പേര് ചുരുക്കി ഞാൻ നിന്നെ കല്ലു എന്നേവിളിക്കൂ . എന്റെ പൊന്നെ നിനക്കല്ലാതെ മറ്റാർക്കും എന്റെ ഹൃദയം ഞാൻ കൈമാറിയിട്ടില്ല. അക്കാര്യത്തിൽ എന്റെ ഹൃദയം പട്ടയകക്ഷി എഴുതിക്കൊടുത്ത് പ്രമാണം പോലെയാണ്. അത് സ്വന്തമാക്കാൻ എന്റെ പഴയ പ്രേമങ്ങളെന്ന മുൻ പ്രമാണങ്ങളെക്കുറിച്ചോർത്ത് നീ വിഷമിക്കേണ്ട.

                     എന്തായാലും നമ്മുടെ കല്യാണക്കാര്യം അച്ഛനോട് പറഞ്ഞ് പകുതി ശരിയാക്കി വച്ചിട്ടുണ്ട്. നീയെന്ന പതിവിനു വിധേയമായ ഭൂമിയുടെ സ്കെച്ചും മഹസ്സറുമായ ഗ്രഹനിലയും ജാതകക്കുറിപ്പും തന്നാൽ കോവാലക്കണിയാരെക്കൊണ്ട് നോക്കിച്ചിട്ട് ബാക്കിക്കാര്യം മുന്നോട്ടു നീക്കാമെന്ന് അച്ഛൻ പറയുന്നു.

                     എന്തൊക്കെയായാലും നമ്മെ തടയാൻ ശ്രമിക്കുന്നവരുടെ ഒറ്റ സർവ്വെ നമ്പരായിക്കിടക്കുന്ന മുതുകിടിച്ച് സബ്ഡിവിഷൻ തിരിക്കുമെന്ന് ഞാനിതിനാൽ ഉറപ്പിച്ചു പറയുന്നു.

                     എന്റെ ഹൃദയമാകുന്ന സർവ്വെക്കല്ല് മേൽനടപടിക്കായി ഇതോടൊപ്പം സമർപ്പിച്ചു കൊണ്ട് നിർത്തട്ടേ... 
                                                                            എന്ന് ,
                                             കല്ലുവിന്റെ സ്വന്തം പുഷ്കു.
( NB: ഇതിനുള്ള മറുപടി മടക്കത്തപാലിൽ പ്രത്യേക ദൂതൻ മുഖേന നൽകണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു.)

- വിപിൻ.ജി.നാഥ് പേയാട്
              “പ്രേമലേഖനത്തെക്കുറിച്ച് എന്തുപറയുന്നു? നിങ്ങളുടെ അഭിപ്രായം താഴെ കൊടുത്തിരിക്കുന്ന അഭിപ്രായമൊന്നുമില്ല/അഭിപ്രായം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തൂ.” 

-സസ്നേഹം വിപിൻ.ജി.നാഥ് പേയാട്
   

2 അഭിപ്രായങ്ങൾ: